പുത്രദു:ഖം | Story of a Mother and a Child
- Stories
- October 29, 2024
വീടിൻ്റെ വാതിൽ പൂട്ടി പുറത്ത് ഇറങ്ങുമ്പോൾ അയയിലെ തുണികൾ ഉണണ്ടിയിട്ടില്ല.. മഴക്കോളുമില്ല. വീടിന് മുന്നിലെ നടവഴിയിൽ കിടന്ന ഒരു ചാവാലിപട്ടി ഒരു കാരണവും ഇല്ലാതെ കുരക്കുന്നുണ്ട്. അപ്പൂന് ഏഴെട്ട് വയസ്സായെങ്കിലും പട്ടിയെ പേടിയാ.. അവൻ എൻ്റെ രണ്ടാമുണ്ടിൻ്റെ കോന്തലിൽ പിടിച്ച് പറ്റിചേർന്ന് നടന്നു. നേരം സന്ധ്യ മയങ്ങാൻ തുടങ്ങിയിരിക്കുന്നു..
അപ്പു മറ്റുള്ള കുട്ടികളെ പോലല്ല, അവന് കൂടുതലിഷ്ടം എന്നെ ചുറ്റിപ്പറ്റി ഓരോന്ന് പറഞ്ഞ്. അവനു പറ്റുന്ന ചെറിയ സഹായങ്ങൾ ഒക്കെ ചെയ്ത് അങ്ങനെ എൻ്റെ വാലുപോലെ നടക്കാനാണ്.
അടുത്ത വീട്ടിലെ കുട്ടികൾ അടുത്തുള്ള വെളിമ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിൻ്റെ ആരവം കേൾക്കാം. അപ്പൂന് അതിലൊന്നും വല്യ താത്പര്യം ഇല്ല.
അവൻ ജനിച്ച് മൂന്ന് വർഷം കഴിഞ്ഞാണ്.. അവൻ്റെ അച്ഛൻ മരിക്കുന്നത്. ബന്ധുകൾ എല്ലാം അടുത്തുണ്ടെങ്കിലും അന്നു മുതൽ ഞങ്ങൾ തനിച്ചാണ് ജീവിതം.
അപ്പൂന് ഞാനും എനിക്ക് അപ്പൂം..
അമ്മാ ഈ കിളികൾ രാത്രി എവിടാ താമസ്സിക്കുന്നതമ്മ ?
അതുങ്ങൾക്ക് വീടുണ്ടല്ലോഅപ്പൂ. പലതിനും പലതരം വീടുകൾ ആണ് ചിലതിന് മരപ്പൊത്ത് ചിലത് മരചില്ലകളിൽ ചുള്ളികമ്പുകൾ കൊണ്ട് കൂട് വെക്കും, മറ്റ് ചിലത് ചകിരിയോ വാഴനാരോ കൊണ്ടോ ആണ് വീടുണ്ടോകുന്നത്.
അപ്പൊ അതിൻ്റെ കുഞ്ഞുകൾ അവിടെയാണോ താമസ്സിക്കുന്നത് ?
എന്താരു ചോദ്യാ അപ്പൂ, അവറ്റകളുടെ കുഞ്ഞുങ്ങൾ അവരുടെ വീട്ടിലല്ലെ താമസിക്യാ ?
എന്താപ്പെ ഇങ്ങനൊരു സംശയം ?
ഉം ഉം.. ഒന്നൂല്ല..
അപ്പൊ വലുതാകുമ്പോ?
വലുതാകുമ്പോ.. അവ, തന്നെ പറക്കാനും ഇരപിടിക്കാനും ഒക്കെ പഠിക്കും.. പിന്നെ മറ്റൊരു മരത്തിലേക്ക് പറന്ന് പറന്ന് പോകും.. കൂട് വക്കാൻ.
അച്ചോ.. അപ്പോ അമ്മക്കിളി തനിച്ചാവില്ലെ..
ഉം…
അപ്പൂ.. നീ വേഗം നടക്ക് നേരം ഇരുട്ടുന്നതിന് മുന്നെ തിരിച്ചെത്തണം.
അമ്മ വേഗം നടന്നോള്ളു അമ്മ, ഞാൻ ഓടി എത്തിക്കോളാം .
അഞ്ചാറ് മിനിറ്റ് വേണം അങ്ങാടിയിലെത്താൻ, വീട്ടുസാധനങ്ങൾ ഒക്കെ തീർന്നു.. രണ്ട് ദിവസം മുമ്പേ മുതൽ ആലോചിക്കുന്നതാ… എന്തെങ്കിലും ഒക്കെ പണിക്കാണും.. പിന്നെ മടിയും
നാട്ട് വഴികൾ ഇണഞ്ഞും പിണഞ്ഞും വളഞ്ഞും തിരിഞ്ഞും മുന്നോട്ട് മുന്നോട്ട് നീണ്ട് കിടക്കുന്നു. ചിലയിടങ്ങൾ ഒറ്റയടി പാതകൾ ആണെങ്കിൽ മറ്റു ചിലയിടങ്ങൾ ചെറുവണ്ടികൾക്ക് പോകാൻ വീതി ഉണ്ട്.
ചുറ്റും പലതരം കിളികളുടെ ചിലപ്പ് കേൾക്കാം..
അപ്പൂന് കിളികളെയും ചെടികളും ഒക്കെ വല്യ ഇഷ്ടമാണ്. ഇപ്പൊള്ള കുട്ടികളെ പോലെ TV യുടെ മുമ്പിൽ കുത്തിയിരിക്കാൻ അവനെ കിട്ടില്ല. അവൻ എപ്പോഴും തൊടിയിലും വേലിക്കരുകിലും ഒക്കെ കറങ്ങി നടക്കും ഓന്തിനോടും കാക്കയോടും ചിത്ര ശലഭത്തോടും സംസാരിക്കും..
അപ്പൂ.. അപ്പുന് ഇന്നെന്താ വേണ്ടേ, കളിപ്പാട്ടം വേണോ? അതോ മിഠായി മതിയോ ?
ഉം…
എനിക്ക്.. മിഠായി മതി..
അവന് അമ്മയുടെ വിഷമങ്ങൾ അറിയാം. പൈസയുടെ കാര്യത്തിൽ അമ്മ സ്വയം വേവലാതിപെടുന്നത് അവൻ കേട്ടിട്ടുണ്ട്.
നമ്മടെ സാധനം വാങ്ങുന്ന സഞ്ചി എടുക്കാൻ മറന്നല്ലോ അപ്പൂ.. ശ്ശെ വീട് പൂട്ടുമ്പോൾ എടുത്ത് വരാന്തയുടെ അരഭിത്തിയിൽ വച്ചതാ എടുക്കാൻ മറന്നു. ഇനി ഈ വഴി എല്ലാം തിരിച്ച് നടക്കണം… ശ്ശൊ..
അതിനെന്താ അമ്മ, ഞാൻ ഒറ്റ ഓട്ടത്തിന് പോയി എടുത്തിട്ട് വരാം…
വേണ്ട അപ്പൂ നീ ഒറ്റക്ക് പോകണ്ടാ.. അവൾ അവൻെ കൈയ്യിൽ പിടിച്ചു.
കുഴപ്പമില്ലമ്മ .. എനിക്കറിയാം വഴി ഒക്കെ. അവൻ കുതറി ഓടി.. അമ്മാ.. പേടിക്കണ്ടാ .. ഞാൻ ഇപ്പോ വരാം ……ഓടുന്നതിനിടെ അവൻ വിളിച്ച് പറഞ്ഞു.
ദൂരം പകുതി പിന്നിട്ടിരുന്നു. വഴിയിൽ വളവുകളും രണ്ട് മൂന്ന് പിരിവുകളുമുണ്ട്. അവന് വഴി അറിയാമോ ആവോ ?! ഒറ്റക്ക് അങ്ങനെ പോയിട്ടില്ല.. ഞാൻ വിട്ടിട്ടില്ല.. അതാ ശരി.
അവൾക്കെന്തോ പന്തികേട് തോന്നി, അവൾ തിരിച്ച് നടക്കാൻ തുടങ്ങി.. അവനെ ഒറ്റക്ക് വിടണ്ടായിരുന്നു.
അവൻ കുതറിയപ്പോ കൈയ്യിൽ മുറുകെ പിടിച്ചാൽ മതിയായിരുന്നു..അവളുടെ നെഞ്ചിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി. . നടത്തം വേഗത്തിലായി…
അവൾ നടന്ന് മറ്റൊരു വഴി കൂടിച്ചേരുന്ന ഒരു തിരിവിലെത്തി അവൻ വഴിതെറ്റി ഈ വഴി ക്കെങ്ങാനും പോയിട്ടുണ്ടാകുമോ..
നോക്കി നിൽക്കാൻ സമയമില്ല.. കണ്ട പാണ്ടികാരൊക്കെ വരുന്ന വഴിയാ.. അവൾ പതിയെ ഓടാൻ തുടങ്ങി..
നടവഴി പൊതുവെ വിജനമാണ്. അങ്ങിങ്ങായി വീടുകളിൽ ചില ആളനക്കം കേൾക്കാം. ഇല്ലി കൊണ്ട് തീർത്ത വേലി കെട്ടുകൾ .. ചിലയിടത്ത് ഇടിഞ്ഞും ഇടിയാറായതുമായ കൽക്കെട്ടുകൾ.. മരക്കൊമ്പുകൾ കാഴ്ച മറക്കുന്ന ഇടുങ്ങിയ നടപ്പാത..
അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു. എൻ്റെ അപ്പൂ… അവളുടെ ചുണ്ടിൽ നിന്നും വളരെ നേർത്ത ഒരു വിലാപം പുറത്ത് വന്നു
അവൾ ഓടാൻ തുടങ്ങി.. സമയം സന്ധ്യയായി തുടങ്ങിയിരിക്കുന്നു..
ഞാനെന്തൊരു മണ്ടിയാ അവനെ തനിയെ വിടരുതായിരുന്നു.. പട്ടികളും മറ്റ് നാൽക്കാലികളും ഒക്കെ പോകുന്ന ഇടവഴിയാ. അതിൻ്റ മുന്നിലെങ്ങാനും ചെന്ന് പെട്ടാൽ എൻ്റ കുട്ടി പേടിച്ചരണ്ട് പോകും.
എൻ്റെ അപ്പുവെ. അവൾ പിറുപിറുത്തു കൊണ്ട് ഓട്ടത്തിൻ്റെ വേഗത കുട്ടി.
എന്താ മോളെ.. എന്താ ഓടുന്നേ? അവളുടെ ഓട്ടം കണ്ട്, തൻ്റെ വീടിൻ്റെ അര ഭിത്തിയിലിരുന്ന് മുറുക്കാൻ ചവക്കാൻ തുടങ്ങുകയായിരുന്ന ദേവു അമ്മ ചോദിച്ചു.
ഒന്നൂല്ലമ്മ, അപ്പു ഈ വഴി പോകുന്നത് കണ്ടാരുന്നോ അമ്മ ?
ഇല്ലല്ലോ മോളെ.. ഞാൻ ശ്രദ്ധിച്ചില്ലാ ട്ടോ.. ഞാൻ ഉമ്മറത്തേക്ക് ഇപ്പൊ വന്നതേ ഉള്ളു.
എന്ത് പറ്റി മോളെ..
ഒന്നുല്ലമ്മ.. ഞാൻ അവനെ ഒന്ന് നോക്കട്ടെ.. അവൾ വീണ്ടും ഓടാൻ തുടങ്ങി.
അവൻ വീട്ടിൽ കാണും നീ ഇങ്ങനെ വിഷമിക്കാതെ .. ഈ കുട്ടീടെ ഒരു കാര്യം
അവൾ അതൊന്നും കേട്ടില്ല..
വീട്ടിൽ നിന്നിറങ്ങിയപ്പോൾ വീടിൻ്റെ മുന്നിൽ കുരച്ച് കൊണ്ടിരുന്ന ചാവാലിപ്പട്ടി അവളെയും കടന്ന് വേഗത്തിൽ ഓടിപ്പോയി.
അവൾക്ക് വീട്ടിലേക്കുള്ള വഴിയുടെ നീളം കൂടിയ പോലെ തോന്നി എത്ര ഓടിയിട്ടും എത്തുന്നില്ല !
പപ്പേട്ടൻ പോത്തിനെ കുളിപ്പിച്ചിട്ട് വരുന്നുണ്ട്..
പപ്പേട്ടാ.. മ്മടെ…… അപ്പുനെ കണ്ടാരുന്നോ? അവൾ കിതപ്പോടെ ചോദിച്ചു
ഉവ്വല്ലോ, ഞാൻ പോത്തിനെ കുളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ ഒറ്റക്ക് ഓടി പോകുന്നത് കണ്ടാരുന്നു. ഞാൻ അവനോട് അമ്മ എന്ത്യേ ന്ന് ചോദിക്ക്യം ചെയ്താരുന്നു…
എന്തു പറ്റി..
ഒന്നുല്ല ഞാൻ അവനെ ഒന്നു നോക്കട്ടെ പപ്പേട്ടാ.. വീട്ടിലേക്ക് പോയതാ..
അവൾക്ക് ചെറിയൊരാശ്വാസം തോന്നി അവൻ വീട്ടിലേയുള്ള വഴിയിലൂടെ തന്നെ ആണ് പോയിരിക്വ
എങ്കിലും അവളുടെ മനസ്സ് വേവലാതിപെട്ടുകൊണ്ടേ ഇരുന്നു..
പറഞ്ഞറിയിക്കാനാകത്ത ഒരു ദുഖം അവളുടെ മനസ്സിൽ ഉരുണ്ടുകൂടി കണ്ണുകൾ നിറയിച്ചു അത് ധാരയായി താഴോട്ടൊഴുകി.
എങ്ങിനെ ഒക്കയോ അവൾ ഓടി വീടിൻ്റെ മുന്നിലെത്തി. ആദ്യം നോക്കിയത് സഞ്ചി അവിടുണ്ടോ എന്നാണ്..
ഉണ്ട് സഞ്ചി അവിടെ തന്നെ ഉണ്ട്.. അപ്പോ അപ്പു ഇവിടെ എത്തിയിട്ടില്ല !
എല്ലാ പ്രതീക്ഷയും കൈവിട്ട് വീടിൻ്റെ പടിക്കെട്ടിൽ അവൾ തളർന്ന് വീണു.
എൻ്റെ മോനേ… ആ ചെമ്മണ്ണിൽ കമിഴ്ന്ന് വീണ് അവൾ കരഞ്ഞു. അവളുടെ കണ്ണുനീരിൽ മണ്ണ് നനഞ്ഞ് കൂടുതൽ ചുമന്നു..
അടുത്ത വീട്ടിലെ സൗധാമണി ചേച്ചിയും ചില നാട്ടുകാരും ഇത് കണ്ട് ഓടിയെത്തി..
എന്താ.. എന്താ എന്നു പറ്റി ?
പിടിക്ക് നമുക്ക് വീടിൻ്റെ കോലായിലേക്ക് കിടത്താം ..
അവൾ അപ്പോഴും അപ്പൂ… അപ്പൂ… എന്ന് ഉരുവിട്ടുകൊണ്ടിരുന്നു..
എന്താ പറ്റിയേ ആരെങ്കിലും ഒന്ന് പറ .. കൂട്ടത്തിലൊരാൾ ചോദിച്ചു..
ആരെങ്കിലും ഒരു വണ്ടി ഏർപ്പാട് ചെയ്യു.. ആശുപത്രിയിൽ കൊണ്ടു പോകണ്ടേ? മറ്റൊരാൾ
അപ്പുനെ കാണാനില്ല അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.
എന്താ നീ പറയുന്നേ ? അവൻ ഇവിടുണ്ടായിരുന്നല്ലോ.. ഞാനിപ്പോ കണ്ടതല്ലേ? സൗധാമണി ചേച്ചി ആശ്വസിപ്പിച്ചു..
എവിടെ ? എവിടെ? അവൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു..
ഞങ്ങൾ അങ്ങാടിക്ക് പോകും വഴി സഞ്ചി എടുക്കാൻ തിരികെ വന്നതാ അവൻ.. കാണാതായപ്പോഴാണ് ഞാൻ അന്വേഷിച്ച് തിരികെ വന്നത്.. അവൻ ഇവിടില്ല സഞ്ചി ദാ ആ തിണ്ണയിൽ തന്നെ ഇരിപ്പുണ്ട്.. അവൾ പറഞ്ഞൊപ്പിച്ചു..
വീണ്ടും, അപ്പൂ… അപ്പൂ.. ഒരു മന്ത്രം ഉരുവിടുന്ന പോലെ അവൾ പിറുപിറുത്തുകൊണ്ടെ ഇരുന്നു..
നീ ഒന്ന് സമാധാനിക്ക് അവൻ ഇവിടെവിടെയെങ്കിലും കാണും..
കൂടിയ ആളുകൾ പലരും കുട്ടിയെ അന്വേഷിച്ചിറങ്ങി.. വീടിൻ്റെ പിന്നാപുറത്തും, അടുത്ത വീടിൻ്റെ തൊടിയിലും.. പൊട്ടകിണറിലുമെല്ലാം അവർ പരതി..
അവൾ തളർന്നിരുന്നു….
നിമിഷങ്ങൾ കൊണ്ട് തൻ്റെ കൺമുൻപിൽ നിന്ന് ഏതോ ജാലവിദ്യയിലെന്ന പോലെ അവൻ അപ്രത്യക്ഷനായിരിക്കുന്നു..
നമുക്ക് കാണാനാകാത്ത ഒരു മറക്ക് അപ്പുറത്ത് അവനുണ്ട്. മാന്ത്രികൻ വലിയ ശബ്ദത്തോടെ തൻ്റെ കൈകൾ കൊട്ടി തുണി വായുവിൽ ചുഴറ്റി.. ഇല്ല അവൻ ആ ച്ചുവന്ന പട്ട് തുണിയുടെ ഇടയിലുടെ പ്രത്യക്ഷപ്പെട്ടില്ല ..
മാന്ത്രികൻ തൻ്റെ ജാള്യത പുരത്ത് കാണിക്കാതെ വീണ്ടും തൻ്റെ കയ്യിലിരുന്ന തുണി വീണ്ടും വായുവിലൂടെ ചലിപ്പിച്ചു..
അപ്പു ചായ്പ്പിലുണ്ട്.. ആരോ വിളിച്ച് പറഞ്ഞു.. എല്ലാവരും അങ്ങോട്ടോടി.
വീടിന് പുറകിൽ വിറകും മറ്റും സൂക്ഷിക്കുന്ന ചായ്പിൻ്റെ മൂലയിൽ പേടിച്ചരണ്ട് ഇരിപ്പുണ്ടവൻ..
ആരോ അവനെ കോരിയെടുത്ത് ഉമ്മറത്തേക്ക് കൊണ്ടുവന്നു.. അവൻ ആകെ കരഞ്ഞ് തളർന്നിരുന്നു
അമ്മയെ കണ്ടതും വാവിട്ട് കരഞ്ഞ് കൊണ്ട് അവളുടെ അടുത്തേക്ക് അവൻ കുതറി ഓടി’
അമ്മാ….
അവളും നിയന്ത്രിക്കാനാകാതെ അവനെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞു…
കൂടി നിന്നവരിലും ആകാഴ്ച കണ്ണീർ പടർത്തി..
അവളുടെ കരച്ചിൽ പതിയെ ചിരിയായി മാറി.. അവൾ പതിയെ ഉമ്മറത്തെ നടക്കല്ലിലേക്കിരുന്നു. അവൻ്റെ മുടിയിഴകളിൽ മെല്ലെ തഴുകികൊണ്ട് ചോദിച്ചു..
അപ്പൂ.. അപ്പു എന്തിനാ ചായ്പിലോട്ട് പോയെ?
അത്.. അത്.. ഏങ്ങലഅടിച്ചു കൊണ്ട് അവൻ പറയാൻ ശ്രമിച്ചു..
ദീർഘനിശ്വാസം അവൻ്റെ വാക്കുകളെ മുറിച്ചു..
അവൻ വീണ്ടും കരയാൻ തുടങ്ങി..
ശരി ശരി അപ്പു ഇങ്ങ് വാ..
അവൾ അവനെ വാരിയെടുത്ത് മടിയിലേക്കിരുത്തി.. അവളുടെ മടിയിലെ സുരക്ഷിതത്വത്തിൽ അവൻ തളർന്നിരുന്നു
ആ സുരക്ഷിതത്തിൽ ഇരുന്ന് അവൻ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു.. അതെല്ലാം അവൾ ക്ഷമയോടെ വാത്സല്യത്തോടെ കേട്ട് കൊണ്ടിരുന്നു
ഇതിനിടയിൽ ചുറ്റും കൂടിനിന്നവർ ഓരോന്നായി പിരിഞ്ഞ് പോയതും, രാത്രി വൈകി നിലാവിൽ കുളിച്ചതും അവർ അറിഞ്ഞില്ല.
നിലാവിൻ്റെ വെട്ടത്തിൽ ഒരു വെണ്ണക്കൽ ശിൽപം പോലെ ആവീടിൻ്റെ ഉമ്മറപ്പടിയിൽ ചിരിച്ചും കളിച്ചും അവർ ഇരുന്നു
മാന്ത്രികൻ തൻ്റെ കയ്യിലെ ച്ചുവന്ന പട്ടു തൂവാല വീണ്ടും ആകാശത്തേക്ക് വീശി എല്ലാവരെയു നോക്കിച്ചിരിച്ചു അതാ പട്ടു തൂവാലക്കിടയിലൂടെ അവൻ പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു
സദസ്സ് ഒന്നടങ്കം കൈ അടിച്ചു.. മജീഷ്യൻ നടുകുനിച്ച് താഴ്ന്ന് വണങ്ങി..
പിന്നെ തിരശീല വീണു