Amygdala (അമിഗ്ഡല)
- Stories
- October 29, 2024
മുറ്റത്ത് പച്ച പ്ലാവിലകൾ വീണ്കിടക്കുന്നു
ദിവസങ്ങളായി മുറ്റമടിച്ചിട്ടില്ലെന്ന് തോന്നും..
എങ്ങനെ നടന്ന കുട്ട്യാരുന്നു..ഈ ഇരിപ്പ് കണ്ടിട്ട് സഹിക്കണില്യ ന്റെ മേരിക്കൂട്ടി.. ദേവുഅമ്മ തന്റെ വിഷമങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി.
ആ വീടിന്റെ വളപ്പിൽ കയറാൻ പോലും ആളുകൾക്ക് ഇപ്പോൾ പേടിയാണ്. ഇവരുടെ വിഷമം കേട്ട് കരയാത്തവരാരും ഈ കരയിലില്ല എന്നായി. അപ്പുറത്തെ വീട്ടിലെ മേരിയാണ് ഇവരുടെ അത്യാവശ്യം കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുക്കുന്നത്..
മീനൂവിന്റെ കണ്ണുകൾ നിർജ്ജീവമായിരിക്കുന്നു. തന്റെ മുന്നിലിരിക്കുന്ന കുപ്പിഭരണിയിലേക്ക് നിലത്ത് ചിതറിയ മഞ്ചാടി കുരുകൾ ശ്രദ്ധാപൂർവ്വം എടുത്തിട്ടുകയാണവൾ… ഇടക്കിടെ പെറ്റി കോട്ടിന്റെ തുമ്പ് കൊണ്ട് കൺകോണിലൂടെ ഒഴുകുന്ന കണ്ണുനീർ തുടക്കുന്നുമുണ്ടവൾ..
മുറ്റത്തെ മാവിൻ കൊമ്പിൽ കെട്ടിയ ചരടിലൂടെ നീറുറുമ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് നടന്നു നീങ്ങുന്നു.
ദേവു അമ്മ തുടരുകയാണ്….
കഴിഞ്ഞ തുലാത്തിലാന്ന് തോന്നണ്.. നല്ല മഴയത്തിരിക്കുബഴാ അവൻ പറഞ്ഞെ ‘അമ്മേ മ്പക് ഒരു കാറ് വാങ്ങിച്ചാലോ? ‘
ഞാനപ്പോ പറഞ്ഞ് എന്തിനാട ഇല്ലാത്ത കാശാക്കെ മൊടക്കീ ഈ സാധനം വാങ്ങണേന്ന്… അപ്പവൻ പറഞ്ഞു കൊഴപ്പല്യ അമ്മേ ന്റെ കയ്യില് കാശൊക്കെണ്ട്.
അമ്മേക്കൊണ്ട് അമ്പലത്തിലൊക്കെ പോവാലോ..
നീ എന്താന്ന് വച്ചാ ചെയ്യ്ന്ന് ഞാനും പറഞ്ഞു.
ന്റെ മേരീ.. രണ്ടീസം കഴിഞ്ഞ്കാണും… അവനാ കുന്ത്രാണ്ടം കൊണ്ട്ന്ന് മുറ്റത്തിട്ടു.. എനിക്കെട്ടും ഇഷ്ടല്ലാരുന്നു.. മീനൂന്റെ സന്തോഷം കണ്ടപ്പോ പിന്നെ ഞാനെന്നും പറയാമ്പോയില്ല…
ദേവുഅമ്മേ..ഞാനിത് എത്രതവണകേട്ടതാ… മേരിക്കുട്ടി അടുക്കളഭാഗത്തേക്ക് നടന്നു. ഒപ്പം ദേവു അമ്മയും.
കാറ്റടിച്ച് കൂടുതൽ പ്ലാവിലകൾ മുറ്റത്തേക്ക് വീണു.
ന്റെ മേരിക്കുട്ടി നീയിത് കേക്ക്…
കഴിഞ്ഞ കുംഭത്തില് ഗുരുവായൂര് ആറാട്ടുൽസവത്തിന് പോകുമ്പഴാ ഞാനതിലൊന്ന് കേറണെ…
ഞങ്ങള് നാലു പേരുംകൂടെയാപോയെ.. അവനീ സ്പീഡില് ഓടിക്കുമ്പോക്കെ എനിക്ക് പേടിയാ… ഒരു പ്രകാരത്തില് തിരിച്ചെത്തിന്ന് പറഞ്ഞാ മതീലോ..
ആദ്യായിട്ടും അവസാനായിട്ടും ഞാനതിൽ കയറുന്നേ അന്നാ..
പിന്നെ അവൻ ആപ്പീസിപോകുന്നതും ജൗളി എടുക്കാൻ പോകുന്നതും എന്നിന് മുള്ളാൻ പോകുന്നത് വരെ അതിലായി..
കഴിഞ്ഞ നാലാന്തി…ദേവു അമ്മ വിതുമ്പാൻ തുടങ്ങി…സാവിത്രീടെ മോടെ ചോറൂണിന് പോവാൻ ജൗളി എടുക്കാന്ന് പറഞ്ഞ് എറങ്ങീതാ അവളും അവനും മോളുങ്കൂടെ.. എന്നോടും വരാമ്പറഞ്ഞതാ…
എന്റെ മേരീ.. ഞാനെങ്ങനെ സഹിക്കും..
പുറത്ത് വീണ്ടും കാറ്റടിക്കുന്നുണ്ട്, ആകാശത്ത് കരിമേഘങ്ങൾ വേഗത്തിൽ നീങ്ങുന്നു.
അവരുടെ വിതുമ്പൽ കരച്ചിലായും പിന്നെ അമർത്തിപിടിച്ച തേങ്ങലായും മാറി.
ഉമ്മറത്ത് ഒറ്റക്കിരുന്ന് തന്റെ മഞ്ചാടികുരു എണ്ണിത്തിട്ട പ്പെടുത്തുകയായിരുന്നു മീനു.. അപ്പോഴാണ് അമ്മാമ്മയുടെ കരച്ചില് അവൾ കേട്ടത്…
അമ്മാമ്മാ..അവൾ അടുക്കള വശത്തേക്ക് ഓടി.. അവളവരെ കെട്ടിപ്പിടിച്ച് വിതുമ്പി വിതുമ്പി കരഞ്ഞു.
എന്റെ മേരീ.. ഞാനിവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും… അവർ വീണ്ടും തേങ്ങി..
എന്റെ പൊന്നു ദേവു അമ്മ.. എന്താ ഇങ്ങനെ.. മോള്….
അവർ രണ്ടു പേരെയും കൈപിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
കരച്ചിലടക്കാൻ പാടുപെട്ടുന്നതിനിടെ അവർ പറഞ്ഞു സാരൊല്ല്യ.. വാ…ഞാൻ ചായ ഉണ്ടാക്കി ത്തരാം..
———————————————————————————————————————-
3 ആഴ്ചകൾക്ക് മുമ്പ്….
അവൾ അവനോട് പറ്റിച്ചേർന്ന് കിടന്നു. ഡിസംബർ മാസത്തിലെ വെളുപ്പാങ്കാലത്ത് ചെറിയ തണുപ്പിൽ മൂടിപുതച്ച് അങ്ങനെ പറ്റി ചേർന്ന് കിടക്കാൻ നല്ലസുഖമാണ്. അയാൾ അവൾക്ക് എല്ലാമാണ്. തിരിച്ചും..
തുടർച്ചയായ അലാം അടികളുടെ ശല്യം സഹിക്കവയ്യാതെ അവൾ പതിയെ എഴുന്നേറ്റു അലാം ഓഫ് ചെയ്തു. സമയം ആറുമണി ആയിരിക്കുന്നു.
ആയാൾക്ക് ഇന്ന് അവധിയാണ്. അതുകൊണ്ട് തന്നെ എഴുന്നേക്കുമ്പോ മിക്കവാറും പത്തു മണി ആകും. മോളും അപ്പേടെ കൂടെ ഒട്ടിപ്പിടിച്ച് കിടക്കുകയാണ്.
അവൾ അടുക്കളയിലേയ്ക്ക് നീങ്ങി. അവധി ദിവസത്തിന്റെ ആലസ്യം അവളുടെ മുഖത്ത് കാണാം.
ബ്ലാക്കോഫിയിലാണ് ദിവസം ആരംഭിക്കുന്നത്. കോഫി ഉണ്ടാക്കി ഡൈനിങ് റ്റേബിളിൽ വച്ചിട്ട് അവൾ അമ്മ എഴുന്നേറ്റോ എന്ന് നോക്കാൻ പോയി…
അമ്മ എഴുന്നേറ്റിരിക്കുന്നു.
എന്താ അമ്മ ഉറക്കം ശരി ആയില്ലേ? അവൾ ചോദിച്ചു
ഇല്ല മോളെ ഇന്നലെ ഞാൻ ഉറങ്ങീട്ടില്യ.. ഒരോരോ ദുസ്വപ്നങ്ങൾ ഒക്കെ കണ്ട് അങ്ങനെ കിടന്നു. നേരം പുലർന്നേപിന്ന്യാ സമാധാനമായെ..
അമ്മക്ക് കാപ്പിവേണോ? അവൾ ചോദിച്ചു
വേണ്ട.. പിന്നെയാട്ടെ…
എന്താ അമ്മേ.. എന്തോ പറയാനുള്ള പോലെ …എന്താ പറ
ഒന്നുമില്ല മോളെ- മോള് അടുക്കളേലേക്ക് പൊയ്ക്കോ അമ്മ ഇപ്പോ വരാം.
ധൃതി ഇല്ലമ്മ, രഘുവേട്ടന് ഇന്നവധിയാ..
അവൾ വീണ്ടും സൈനിങ്ങ് റ്റേബിളിൽ വന്നിരുന്നു.
കോഫി ആസ്വദിച്ച് കുടിക്കുന്നതിനിടയിൽ അവൾ ഓർത്തു. അച്ഛനും മോളും ഇല്ലെങ്കിൽ ഈ വീട് ഉറങ്ങിയ പോലാ…രണ്ടുകൂടെ ഉണ്ടെങ്കിപ്പിന്നെ സമയം പോയ വഴിഅറിയില്ല … അവർ എഴുന്നേക്കുന്നതിന് മുന്നെ അടുക്കളയിലെ അത്യാവശ്യപ്പണികളെല്ലാം തീർത്ത് വയ്ക്കണം…. എന്റെ വീട്ടിലൊന്ന് പോകണന്ന് ഏട്ടനോടെന്ന് പറയണം. മൂന്ന് മാസത്തിലേറെയായി അച്ഛനെ ഒന്ന് കണ്ടിട്ട്. പിന്നെ ചിറ്റമ്മേടെ മോടെ ചോറൂണാ…ഒരു സാരി എടുക്കേണം. മോൾക്ക് ഇത്തവണ ഫ്രോക്ക് എടുക്കാം.. ഏട്ടൻ ഷർട്ട് എടുക്കാൻ സമ്മതിക്കില്ല പക്ഷെ എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം.
അങ്ങനെ പലവിധ ചിന്തകളിലിരിക്കുമ്പോൾ മീനൂട്ടി ചിണുങ്ങിക്കൊണ്ട് എണീറ്റ് വന്നു.
എന്താ മീനൂട്ടീ നേരത്തെ… ഉറക്കം മതിയായോ?
അമ്മാ…. അവൾ വീണ്ടും ചിണുങ്ങി.
വാ മോളൂട്ടി… അമ്മേടെ മോളു വാ…
അമ്മാ നമ്മളെപ്പോഴാ പുറത്ത് പോകുന്നേ?
എവിടേക്കാ മോളൂട്ടി? അവർ ഒന്നുമറിയാത്തപോലെ ചോദിച്ചു.
” മീനൂട്ടിക്ക് ഡ്രസ്സ് എടുക്കാൻ..” അവൾ നിഷ്ക്കളങ്കമായി മായി പറഞ്ഞു..
അച്ഛൻ എഴുന്നേക്കട്ടെ എന്നിട്ട്….. ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് നമുക്ക് പോകാട്ടോ… മോള് ബാത്റൂമിൽ പോയി ഫ്രഷ്ആയി വാ…
ഉം.. അവൾ സന്തോഷത്തോടെ ബാത്ത്റൂമിലേക്ക് ഓടി…
o–o–o–o
അച്ഛാ അച്ഛാ എഴുന്നേൽക്ക്.. സമയമെന്തായെന്നറിയാമോ? മീനൂട്ടി അയാളെ കുലുക്കി വിളിച്ചു…
ഹായ്..മീനൂട്ടി ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ..?
ദാ..ഞാനും എഴുന്നേറ്റു.. അയാൾ തന്നെ കൈലി നേരെ ഉടുത്തുകൊണ്ട് എഴുനേറ്റ് അടുക്കളയിലേക്ക് നീങ്ങി.. പുറകിൽ വാല് പോലെ മീനുട്ടിയും കൂടി.
മാളൂ..അയാൾ മാളവികയുടെ ചുമലിൽ കൈവച്ചു കൊണ്ട് വിളിച്ചു..
പാത്രം കഴുകുകയായിരുന്ന അവൾ പെട്ടെന്ന് ഒന്ന് പേടിച്ചു
എന്താ രഘുവേട്ടാ … പേടിപ്പിച്ചു കളഞ്ഞല്ലോ?
എന്താ നേരത്തെ ഇങ്ങെഴുന്നേറ്റ് പോന്നെ… സാധാരണ വീക്കെൻഡ്സിൻ 10 മണിആണല്ലോ കണക്ക്..
ഓ.. ഇവളെന്നെ ഉറക്കണ്ടെ..
അവള് പുറത്ത് പോകാൻ റെഡി ആയിരിക്ക്വാ..
ഉം… അയാളെന്ന് മൂളി:
കോഫി എടുക്കട്ടെ രഘുവേട്ട.. അവൾ ചോദിച്ചു.
പിന്നെന്ത്.. അയാൾ തമാശ കലർത്തി പറഞ്ഞു..
കോഫിയും ചെറിയ ചെറിയ തമാശകളുമായി അവരുടെ ജീവിതത്തിലെ രസകരമായ മറ്റൊരുദിനം കൂടെ ആരംഭിക്കുകയായി..
രഘുവേട്ടാ പർച്ചേസെല്ലാം കഴിഞ്ഞ് നമുക്കൊന്ന് കറങ്ങിയാലോ? അവൾ ചോദിച്ചു..
അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന മീനൂട്ടി “പോവാ അച്ഛാ.. നമുക്കെവിടെയെങ്കിലും പോകാം.. എത്ര നാളായി നമ്മൾ ഒന്ന് പുറത്ത് പോയിട്ട്… ” അവൾ ചിണുങ്ങി..
പിന്നൊരിക്കലാകാം മീനൂ.. അച്ഛന് ഉച്ചക്ക് ശേഷം ക്ലബ്ലിന്റെ ഒരു മീറ്റിങുണ്ട്.. അയാൾ അവരുടെ ആവേശം തല്ലിക്കെടുത്തി.
കഷ്ടൊണ്ട് രഘുവേട്ടാ.. എത്രകാലായി ഒന്നു പുറത്ത് പോയിട്ട് ..ഈ അടുക്കളയിൽ കിടന്ന് മടുത്തു.. അവളുടെ നിരാശത അവളുടെ മുഖത്ത് പ്രകടമായി.. തന്നെയുമല്ല ചെറുതായൊന്ന് കറങ്ങി വൈകിട്ട് സ്വന്തം അച്ഛനെയും അമ്മയെയും കണ്ട് വരാനൊക്കെ അവൾ പ്ലാനിട്ടതാ.. ഒന്നും നടക്കില്ല…
മീനൂട്ടിയും സങ്കടത്തേടെ മുഖുകുനിച്ച് ഇരിപ്പായി..
മീനൂട്ടീ…. അച്ഛനിന്ന് ഒരു സ്പെഷ്യൽ ഗിഫ്റ്റ് വാങ്ങുന്നുണ്ട് മീനുട്ടിക്ക്.. എന്താന്നറിയാമോ?
മീനൂട്ടി മിണ്ടിയില്ല..
അപ്പോ വാങ്ങണ്ടെ മീനൂട്ടീ… ?
അച്ഛൻ ഒന്നും വാങ്ങില്ല എനിക്കിയാം.. അവൾ സങ്കടത്തോടെ പറഞ്ഞു.
ഇല്ല മീനുട്ടി.. ഇന്ന് മീനൂട്ടിലെ ഫേവറൈറ്റ് ആയ ബാർബിസെറ്റൊക്കെ വാങ്ങുന്നുണ്ട്…
എന്നിട്ട് എത്രയും വേഗം തിരിച്ചു വന്ന് അതൊക്കെ വച്ച് കളിക്കണ്ടെ?
മീനൂട്ടി അതില് വീണു.
പക്ഷെ മാൾവിക സങ്കടത്തിലാണ്… വളരെ നാളായി ആലോചിച്ചുറപ്പിച്ചതാണ്.. എല്ലാം..
നമുക്ക് എല്ലാം ശെരിയാക്കാം മാളു.. സമയമുണ്ടെങ്കിൽ വീട് വരെ പോയിവരാം..നീ വിഷമിക്കാതെ..അയാൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഏട്ടാ.. പോണ വഴിക്ക് ആ കുഞ്ഞുട്ടൻ നമ്പൂരിടെ കയ്യീന്ന് മീനൂട്ടിടെ ജാതകം വാങ്ങണംന്ന് വിചാരിച്ചതാ.. എത്രനാളായി അയാൾ അത് എഴുതിവച്ചിട്ട്ന്ന് അറിയാമോ?…
ശരി നമുക്ക് പോകാം…അയാൾ പറഞ്ഞു..
എന്നാപ്പിന്നെ നമുക്ക് ഇപ്പഴേ ഇറങ്ങാം സമയം കളയണ്ട…
കട ഒക്കെ ഒന്ന് തുറന്നോട്ടെ മാളൂ.. നീ ധൃതി വയ്ക്കാതെ..അയാൾ അലസമായി തന്റെ കോഫിയും എടുത്ത് പത്രവായനക്കായി നടുത്തളത്തിലേക്ക് നടന്നു.
അവളുടെ സങ്കടം നിനക്ക് മനസ്സിലാവില്ല.. മാസങ്ങളോളം അമ്മയെയും അച്ഛനെയും കാണാതെ ഇരിക്കുമ്പോ ഉള്ള വിഷമം, കല്യാണം കഴിച്ച് പോകുന്ന എല്ലാ പെൺകുട്ടികളുടെയും അവസ്ഥ ഇതൊക്കെ തന്യാ…
ദേവുഅമ്മ അടുക്കള ഭാഗത്തെക്ക് വന്നു…
അയാൾ ഇതൊന്നും ശ്രദ്ധിക്കാതെ പേപ്പർ വായനയിൽ മുഴുകി.
മാൾവിക അവരെ ചേർത്ത് പിടിച്ച് അവർ പറഞ്ഞത് ശരിവച്ച് ആഗ്യം കാണിച്ചു
മീനൂട്ടി ബ്രഷ് ഒക്കെ ചെയ്ത് തിരിച്ചെത്തി.
മാളു തന്റെ ജോലി വേഗത്തിൽ തീർക്കാൻശ്രമിക്കുകയാണ്. പ്രഭാതഭക്ഷണവും അമ്മക്കുള്ള ഉച്ചഭക്ഷണവും റെഡി ആക്കിയിട്ട് വേണം അവൾക്ക് റെഡിയാകാൻ..
ദേവു അമ്മ മാൾവികയെ സഹായിച്ച് ഒപ്പം കൂടി..
അമ്മാ… അമ്മേം കൂടെ വാ അമ്മ…
ഇല്ല കുട്ട്യേ എനിക്ക് വയ്യ… ഇത്രേം നേരം… ഞാനിവിടിരുന്നോളാം..
എങ്കിൽ ഉച്ചത്തേക്കുള്ള മരുന്ന് റ്റേബിളില് വച്ചേക്കാം… കഴിക്കാൻ മറക്കല്ലെ…അമ്മാ
അതൊന്നും കുഴപ്പമില്ല നിങ്ങള് സന്തോഷമായിട്ട് പോയിട്ട് വാ..
പിന്നെ അമ്മ, ഞങ്ങള് തിരിച്ച് വരുമ്പോ വീട്ടിലൊന്ന് കയറും..
പതിയെ വന്നാ മതി കുട്ട്യേ..എന്നെ ഓർത്ത് വിഷമിക്കണ്ട.
ഒന്നു വേഗം റെഡി ആവൂ: രഘുവേട്ടാ.. ബേക്ക്ഫാസ്റ്റ് റെഡി യാണ്. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.
ഞാറാഴ്ചയുടെ അലസത അയാളുടെ ഓരോ പ്രവർത്തിയിയും പ്രകടമാണ്.
ഭക്ഷണത്തിനിടയിൽ ആരും കാര്യമായൊന്നും മിണ്ടിയില്ല എല്ലാവരും എന്തൊക്കയോ ഗഹനമായ ആലോചനയിലാണെന്ന് തോന്നി..
ദേവുഅമ്മ ഭക്ഷണം കഴിക്കാൻ ഇരുന്നതും മീനൂട്ടി അവളുടെ ഡ്രസ്സ്എല്ലാം ചെയ്ഞ്ച് ചെയ്ത് ഹാളിലേക്ക് വന്നു.
അച്ചമ്മ എന്റെ ക്ലിപ്പൊന്ന് കുത്തിതര്യോ?
ദേവുഅമ്മ അവളുടെ മുടിയെല്ലാം ചീകിയൊതുക്കി ഭംഗിയുള്ള അവളുടെ ക്ലിപ്പ് കുത്തികൊടുത്തു.
ഇപ്പൊ മീനുട്ടി സുന്ദരി ആയിരിക്കണു…
അവർ അവളുടെ നിറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു.
സമയം പത്തര ആയിരിക്കുന്നു.. ഒന്നുവേഗം എറങ്ങെന്റെ കുട്ട്യോളെ..ദേവുഅമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.
ദാ ഇറങ്ങണമ്മ.. മാളൂ റൂമിൽ നിന്നും ഉറക്കെ പറഞ്ഞു…
എല്ലായിടത്തും പോയി നേരത്തെ തിരിച്ചെത്തണ്ടെ? ഈ കുട്ട്യോളുടെ ഒരു കാര്യം.. ദേവു അമ്മ തന്റെ പ്രഭാതഭക്ഷണം കഴിക്കാൻ വീണ്ടും ഇരുന്നു.
ദേവുഅമ്മ ഭക്ഷണം കഴിച്ചെഴുന്നേറ്റപ്പോഴേക്കും എല്ലാവരും റെഡിആയി ഇറങ്ങി.
രഘു കാറെടുക്കാൻ പോർച്ചിലേക്ക് പോയി..
കാറിൽകയറി സ്റ്റിയറിങ് തൊട്ട് തലയിൽവച്ച് സ്റ്റാർട്ട് ചെയ്യുതു.
അപ്പോഴേക്കും മാൾവികയും മീനൂട്ടിയും കാറിറുത്തേക്കു വന്നു .. മാൾവിക തന്റെ സാരിതലപ്പ് അവസാനമായി ഒന്നുകൂടെ നേരെയാക്കുന്നതിനിടെ മീനൂട്ടി ഓടി പോയി പുറത്തേക്ക് വരുകയായിരുന്ന അച്ചമ്മക്ക് അവരുടെ കവിളിലൊരുമ്മ കൊടുത്തു.
സന്തോഷമായി പോയി വരു മോളെ അവർ അവളുടെ തലയിൽ കൈവച്ചു.
പേയവരട്ടെ അമ്മാ..’ മാൾവിക ദേവുഅമ്മയോട് യാത്ര പറഞ്ഞു..
ആ ശങ്കരൻ വന്നാൽ റ്റേബിളിലിരിക്കുന്ന 100 രൂപാ കൊടുത്തേക്കണം അമ്മ.. ഞങ്ങൾ ഇടക്ക് വിളിക്കാം.. അപ്പോ വരട്ടെ.. അയാൾ വണ്ടി എടുത്തു
മീനു ബാക്കിലും മാളു ഫ്രണ്ട് സീറ്റിലുമാണ് ഇരുന്നത്.
അയാൾ സ്പീഡിൽ ടൗണിലേക്ക് വണ്ടി വിട്ടു. ജൗളിക്കടയുടെ മുമ്പിൽ കാർ എത്തി..
മീഡിയം സൈസ് ടെക്സ്റ്റെയിൽ ആണ്. അകത്ത് കയറിയ ഉടനെ അയാൾ മീനുവിന് ഉള്ള ഡ്രസ് കാണിക്കാൻ ആവശ്യപ്പെട്ടു.
മീനൂട്ടി തന്റെ ഡ്രസ് സെലക്ട് ചെയ്യുന്നതിനിടയിൽ മാൾവിക തനിക്കുള്ള സാരിയും മറ്റും പരതുകയായിരുന്നു.
അമ്മാ.. ഇത്കണ്ടോ എനിക്കിതിഷ്ടായി.. അമ്മക്കോ? അവൾ ഒരു ഫ്രോക്കുമായി മാൾവികയുടെ അടുത്തേക്ക് ചെന്നു.
കൊള്ളാം മോളെ, അച്ഛനെന്ത് പറഞ്ഞു
അച്ഛനും ഇഷ്ടപ്പെട്ടു…മീനൂട്ടി സന്തോഷത്തോടെ അച്ഛന്റടുത്തെക്ക് നടന്നു..
അയാൾ ഫോൺ കോളിലാണ്. അയളുടെ ശരീരഭാഷയിൽ എന്തോ അത്യാവശ്യ കാര്യമാണെന്ന് തോന്നി..
അയാൾ ഫോൺ വച്ചതും അടുത്ത കോൾ റിങ്ങ് ചെയ്തു.
വീണ്ടും ഫോണെടുത്ത് അയാൾ സംസാരിക്കാൻ തുടങ്ങി.
സംസാരത്തിനിടയിൽ മീനൂട്ടിയോട് ഇത് മതിയോ എന്നയാൾ ആംഗ്യത്തിൽ ചോദിച്ചു
അവൾ തലയിട്ടി.
പുറത്ത് വാഹനങ്ങൾ അതിവേഗം നീങ്ങുന്നു..
അയാൾ ഫോൺ ഡിസ്കണക്ട് ചെയ്ത് മാൾവികയുടെ അടുത്തേക്ക് നടന്നു.
വേഗത്തിലാക്കാൻ അയാർ അവളോട് ആഗ്യംകാട്ടി.
കടക്കുള്ളിൽ FM സ്റ്റേഷനിലെ ആർ ജെ സംസാരിച്ചു കൊണ്ടിരിക്കുന്നു.
അവൾ ചില സാരികൾ എടുത്ത് അവ തന്റെ ശരീരത്തിൽ വച്ച് കാണിക്കുന്നു, ചിലതെല്ലാം കൊള്ളാം എന്നയാൾ തലയാട്ടി..
കടയിലെ തിരക്ക് കൂടി വന്നു..
അയാൾക്കും ദേവുഅമ്മക്കും ഡ്രസ്സ് എടുത്ത്, ബില്ല് പേ ചെയ്ത് അവർ പുറത്തിറങ്ങുന്നു.
മീനുട്ടിക്ക് വിശക്കണിണ്ടാവും.. ഭക്ഷണം കഴിച്ചാലോ രഘുവേട്ടാ..
വാ കേറ്… അയാൾ ധ്രിതിയിൽ കാറ് തുറന്ന് അകത്ത് കയറി…അയാൾക്ക് എന്തോ ഒരു ടെൻഷൻ ഉള്ളത് പോലെ തോന്നി
സെക്യുരിറ്റി കാണിക്കുന്ന ആഗ്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ അയാൾ സ്പീഡിൽ വണ്ടി എടുത്തു.
എന്താ രഘുവേട്ടാ…കുറച്ച് പതുക്കെ പോ..എന്തൊരു സ്പീഡാ ഇത്.. അവൾക്ക് എന്തോ പന്തികേട് തോന്നി.
മാളു എനിക്ക് എത്രയും വേഗം ക്ലബ്ബിൽ എത്തണം.. അവിടെ ചില പ്രശ്നങ്ങൾ…അയാൾ റേഡിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..
ലഞ്ചും മറ്റും മറ്റൊരിക്കലാകാം..
ലഞ്ച് വേണ്ടെന്ന് വയ്ക്കാം, പക്ഷെ എനിക്ക് വീട്ടിലൊന്ന് പോണം രഘുവേട്ടാ…കഴിഞ്ഞ ദിവസം അച്ഛനെ സ്വപ്നം കണ്ടതിന് ശേഷം എനിക്കെന്തോ… പോയിട്ട് അരമണിക്കൂറിൽ ഇറങ്ങാം രഘുവേട്ടാ..
അയാൾ അതൊന്നും ശ്രദ്ധിച്ചതായി തോന്നിയില്ല അയാൾ വേഗത്തിൽ വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു…
മീനൂട്ടി ഒന്നും മിണ്ടാതെ വെളിയിലേക്ക് നോക്കികൊണ്ടിരുന്നു.
സാധാരണ തന്റെ വീട്ടിലേക്ക് തിരിയുന്ന തിരിവിൽ വണ്ടി തിരിക്കാതെ നേരെയാണ് പോകുന്നെന്ന് മനസ്സിലായപ്പേൾ അവൾക്ക് കടുത്ത നിരാശയും സങ്കടവും തോന്നി..
രഘുവേട്ടാ.. എന്നാപ്പിന്നെ എന്നെയും മീന്നൂട്ടിയേയും ഇവിടിറക്ക് … ഞങ്ങൾ പോയിട്ട് സന്ധ്യക്ക് മുമ്പ് തിരിച്ചെത്താം.
അയാളുടെ മാനസ്സികാവസ്ഥയിൽ അയാൾക്ക് അതൊരിൻസൾട്ടായി തോന്നിക്കാണാം… അയാൾ അവൾ പറഞ്ഞത് കേട്ടതായി ഭാവിച്ചില്ല …
രഘുവേട്ട വണ്ടി നിർത്ത്… എത്ര നാളായി ഞാൻ പറയുന്നു.. ഇങ്ങക്ക് തെരക്കാണെങ്കി വരണ്ട..ഞങളെ ഇവിടെ വിട്..അവൾ പൊട്ടിതെറിച്ചു.
അതൊന്നും ശര്യാവില്ല…നമുക്ക് മറ്റൊരിക്കൽ വരാം
ദേഷ്യവും സങ്കടവും അവളുടെ മുഖത്ത് പ്രതിഫലിച്ചു. അവൾ ഏറെ നാളായി പ്ലാൻ ചെയ്യുന്നതാണ്. അമ്മയെ വിളിച്ച് പറഞ്ഞതും ആണ്. അവർ കാത്തിരിക്കുന്നുണ്ടാവും.
അവൾ ഡോറുതുറക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു രലുവേട്ടാ വണ്ടി നിർത്ത്. അല്ലെങ്കി ഞാനിപ്പോ ചാടും…
മാളു ചുമ്മായിരിക്ക്..തമാശ കാണിക്കല്ലെ… അയാൾ ശബ്ദമുയർത്തി…
മീനുട്ടിക്ക് അപകടം മണത്തു..അവൾ കരയാൻതുടങ്ങി..
രഘു കാറിന്റെ ആക്സിലറേറ്ററിൽ കാൽ കൂടുതൽ അമർത്തി.. അയാളുടെ ദേഷ്യം നിയന്ത്രണാതീതമായി.
മറ്റു വാഹനങ്ങളെ മറികടന്ന് കാർ കുതിച്ച് പാഞ്ഞു.
മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അയാളെ ഭയപ്പെടുത്താൻ കാറിന്റെ ഡോറുതുറന്നു.
ഇതോടെ അയാളുടെ സമനില തന്നെ തെറ്റിയ പോലായി..
‘എന്നാപ്പിന്നെ നീയിന്നു പോകുന്നതൊന്നു കാണണം.’ അയാൾ പിറുപിറുത്തു..അയാൾ സ്പീഡ് വീണ്ടു കുട്ടി..
ട്രാഫിക്കിനിടയിലൂടെ കാറ് അപകടകരമായി പായാൻ തുടങ്ങി.
പെട്ടെന്ന് ഓവർടെയ്ക്ക് ചെയ്ത് വന്ന ഒരു കെ എസ്സ് ആർ ടി സി ബസ്സ് കാറിന്റ മുന്നിലേക്ക് വന്നത്.. അയാൾ ബ്രേക്ക് ചെയ്യാൻ കൂട്ടാക്കിയില്ല…
ഞ്ഞൊടിയിടയിൽ അത് സംഭവിച്ചു… കാറ് ബസ്സിന്റെ മുന്നിലേക്ക് ഇടിച്ച് കയറി…
മീനൂട്ടിയുടെ നേരിയ ഞരക്കം മാത്രം. അമ്മാ..അമ്മാ…
ഓടി കൂടുന്ന ജനക്കൂട്ടം…ട്രാഫിക്ക് ബ്ലോക്ക്..പാഞ്ഞ് പോകുന്ന ആമ്പുലൻസ്..
അപ്പോഴേക്കും മീനുട്ടിയെ തനിച്ചാക്കി അവർ ഒരിക്കലും തിരിച്ചു വരാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി കഴിഞ്ഞിരുന്നു.
——————————————————————————————————————-
കണ്ണീരുണങ്ങിയ കണ്ണുകളുമായി..മീനുട്ടി..തന്റെ മഞ്ചാടിക്കുരുവിന്റെ പാത്രത്തെ നെഞ്ചോട് ചേർത്തു..
വിജനമായ വഴിയിലേക്ക് നോക്കി ദേവു അമ്മ ദീർഘ നിശ്വാസമിട്ടു…