പേര് / Forgotten name

രാവിലെ ആണോ രാത്രി ആണോന്ന് മനസ്സിലാകാത്ത രീതിയിൽ പ്രകൃതി അങ്ങനെ ഇരുണ്ട്മൂടി കിടക്വാണ്.

റെഡ്ഡ് ലൈറ്റ് ഗ്രീൻ ആകുന്നതും കാത്ത് ഞാൻ എന്‍റെ സ്കൂട്ടറിൽ പലവിധ ചിന്തകളുമായി അങ്ങനെ നിക്വാണ് അല്ലെങ്കി ഇരിക്വാണ്.

ഗ്രീൻ ആവുന്നതിനുമുന്നെ ഈ ഊളകള് ബാക്കിന്ന് ഹോൺ അടിപ്പിച്ച് വെറുപ്പിക്കാൻ തുടങ്ങും. ഇത് കേട്ടാ പിന്നെ എനിക്ക് പ്രാന്താ.. ഹോണടി കേട്ടതും ഞാൻ വണ്ടിടെ ആക്സിലറേറർ ഒന്നു കേറ്റി ബ്രേകെടുത്തു. വണ്ടി ഒരു മോട്ടോർ സൈക്കിൾ അഭ്യാസിയുടേതെന്ന പോലെ ഒന്നു ചാടി റെഡ്ഡ് ലൈറ്റ് ക്രാസ് ചെയ്ത് ഒറ്റ പാച്ചിൽ. സത്യമായിട്ടും ഷോ കാണിക്കാൻ ചെയ്തതല്ല എന്ന സത്യം നിങ്ങളെങ്കിലും വിശ്വസിക്കണം. പറ്റി പോയി…

പക്ഷെ ഷോ കാണേണ്ടവരെല്ലാം കണ്ടു. ഷോ കണ്ട് മാർകിടാൻ ഗ്യാലറിയിലെ പ്രത്യേക ഇരിപ്പിടത്തിൽ ഇരുന്നിരുന്ന സാറ് എഴുന്നേറ്റ് നിന്ന് ബിസിലടിക്കുന്നു. ആവേശം കൂടീട്ടാകാം റോഡിലിറങ്ങി നിന്ന് വിസിലോട് വിസില്.. ആവേശം അണപൊട്ടി ഒഴുകി.. ഞാൻ ആക്സിലറേറ്റർ ഒന്നൂടെ തിരിച്ചു.. അടിപൊളി.. മറ്റ് മത്സരാർത്ഥികളെ ബഹു ദൂരം പിന്നിലാക്കി ഞാനങ്ങനെ പറപറന്നു.

അപ്പഴാണ് മാർക്കിടാൻ ഫിനിഷിങ് പോയൻ്റിൽ നിക്കണ മറ്റ് ജഡ്ജിമാരെ ഞാൻ കാണണത്. ഇവമ്മാരെ കൊണ്ട് തോറ്റ്, ഇങ്ങനൊണ്ടൊ ഒരു ആരാധന… മൂന്നാല് ജഡ്ജ്മാര് റോഡ് ക്ലോസ് ചെയ്ത് ഒറ്റനിപ്പ…എന്നെക്കിട്ടിയാ ഒരു സെൽഫി എടുക്കണംന്ന്ണ്ടായിരിക്കും എടുത്തോട്ടെ പാവങ്ങള്..

ബ്രേക്കില് കൈവച്ചതിന് ശേഷം ആണ് പണി ആണെന്ന് മനസ്സിലായത്. സ്ക്രീൻ സേവർ മാറിയപ്പോ കാണുന്നത് മൂന്നാല് പോലീസ്കാര് ഒരു -കാരിയും… വീട്ടീന്ന് പോരുബം വാങ്ങി വരാൻ പറഞ്ഞ പുട്ടുപൊടീം, പഴോം, പപ്പടോം സിഗ്നലും ജഡ്ജസ്സും എല്ലാങ്കു ടെ കൊഴഞ്ഞ് മറിഞ്ഞ് ഒരു ലെവലായീ..

നെഞ്ചിന്‍റെ  ഒത്ത നടുവീന്ന് ഒരു വൈബ്രേഷൻ സ്റ്റാർട്ട് ചെയ്ത് അതങ്ങനെ തലയോട്ടിക്കകത്തേക്കും കണങ്കാല് വഴി താഴോട്ടും പോയി. അവയുടെ എണ്ണം പെരുകി പെരുകി വന്നു.. തലയേടിനകത്തെവിടയൊ ഒരു തേനീച്ച കുടുങ്ങിയിട്ടുണ്ട് അത് അങ്ങിനെ ശബ്ദം ഉണ്ടാക്കി അലോരസപ്പെടുത്തിക്കൊണ്ടേ ഇരുന്നു.

വണ്ടി നിന്നു, പോലീസ്കാരി ആണ് അടുത്തേക്ക് വരുന്നത്.. പപ്പനാഭാ പെട്ട്…

“താങ്കൾ മദ്യപിച്ചിട്ടുണ്ടോ?” മേഡം വളരെ ഭവ്യതയോടെ ചോദിച്ചു
“ഹേ….യ്, ഇല്ല മാഡം എനിക്കാ പതിവില്ല.” ഞാൻ വളരെ ആശ്വാസത്തോടെ പറഞ്ഞു. ഇന്ന് മദ്യപൻമാരെ പിടിക്കുന്ന ദിവസമാണ്, ലൈറ്റ് ജമ്പിങ് ഇന്നത്തെ പ്രശ്നമല്ല, അങ്ങനെ ഞാൻ രക്ഷപെടാൻ പോകന്നു.

മാഡം പക്ഷെ ഒട്ടും കൺവിൻസ്ഡ് അല്ല.. കയ്യിലിരിക്കുന്ന യന്ത്രം നീട്ടി ” ഒന്നു് ഊതാമോ സർ?”

“പിന്നെന്താ ?” ഞാൻ സർവ്വ ശക്തിയും എടുത്ത് നീട്ടി ഊതി… ഒരു നിമിഷം കാത്തു,

യന്ത്രം എനിക്ക് അനുകൂലമായിത്തന്നെ പ്രവർത്തിച്ചു, റ്റെസ്റ്റ് പാസ്സ്..

“മാഡം അപ്പപ്പോട്ടാ?” ലെ ഞാൻ
” ആയിക്കോട്ടെ ” ലെ മാഡം
വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ്
മാഡത്തിൻ്റെ വക അടുത്ത ചേദ്യം “സാറിൻ്റെ പേര് പറഞ്ഞിട്ട് പോണം…”

അവർ കീശയിൽ നിന്നും കൈ പൊസ്തകം എടുത്തു, തൻ്റെ പല പോക്കറ്റുകളിൽ പേന ഉണ്ടോ എന്ന് പരതുന്നതിനിടയിൽ ഞാൻ എൻ്റെ പേര് വിളിച്ച് പറഞ്ഞ് അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു

ഈശ്വരാ…  എന്‍റെ പേര്?
അയ്യോ…. അയ്യയ്യയ്യോ… എന്തര് ചെയ്യട്ട്?
നാക്കിൻ്റെ തുമ്പിലിരിക്കണണ്ടായിരുന്നല്ലോ…

“……”

ആരോട് പറയാൻ… ആരെങ്കിലും വിശ്വസിക്കോ… പേര് മറന്നെന്ന് പറഞ്ഞാൽ…

എന്‍റെ പരാക്രമം കണ്ട മേഡം.. “എന്തോന്നടേ… പേര്കളും മറ്റും പറഞ്ഞേച്ച് പോയീഡ്ര…”

ഒന്നാം ക്ലാസിലെ ബുക്ക്സിൻ്റെ ഫസ്റ്റ് പേജിൽ ലക്ഷമി റ്റീച്ചർ അക്ഷരം പഠിച്ച ഉടനെ നമ്മളെക്കൊണ്ട് എഴുതിച്ചത് ഇപ്പോഴും ഓർക്കന്നുണ്ട്. അന്ന് റ്റീച്ചർ, ” ………, നല്ല പേര്!” എന്ന് പുകഴ്ത്തിയതും ഇപ്പോഴും ഓർമ്മയുണ്ട്.

ഇഗ്ലീഷ് പഠിച്ചപ്പോ ആദ്യം പഠിച്ചത് “മൈ നെയിം ഈസ്…….” എന്നു തന്നെ… പറഞ്ഞിട്ടെന്താ…

പെട്ടന്നാണ് ഞാൻ അതോർത്തത് പേഴ്സ്സിലെ കാർഡിൽ വെണ്ടക്കാ അക്ഷരത്തിൽ അടിച്ചു വെച്ചിരിക്കയല്ലെ പേര്… എന്നാലും സ്വന്തം പേര് കാർഡ് നോക്കി പറയണ്ടി വന്ന കഥ ആരെങ്കിലും വിശ്വസിക്കോ ? അല്ലേലും അത് പറയുന്നത് തന്നെ നാണക്കേടല്ലേ?

പേഴ്സ്സ് എടുക്കാൻ പോക്കറ്റിലേക്ക്‌ കൈ ഇട്ടു… അ…മ്മേ.മ്മേ… പേഴ്സ്സ് ഇല്ല… വീണ്ടും തപ്പി… ഇല്ല.. എല്ലാ പോക്കറ്റും മാറി മാറി തപ്പി …ഇല്ല എവിടെയും…ഇല്ല…. മൊബൈലും പേഴ്സും ഒന്നും കാണുന്നില്ല. വണ്ടിടെ ബുക്കും പേപ്പറും വച്ചിരുന്നതും അവിടില്ല…

പപ്പനാഭാ വീണ്ടും പെട്ട്…
നെഞ്ചിൻ്റെ ഒത്ത നടുവീന്ന് ഒരു വൈബ്രേഷൻ സ്റ്റാർട്ട് ചെയ്ത് അതങ്ങനെ തലയോട്ടിക്കകത്തേക്കും കണങ്കാല് വഴി താഴോട്ടും പോയി.

ആസൂത്രിതമായ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്, ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. ബുക്കും പേപ്പറും വണ്ടി വാങ്ങിയ മുതൽ വണ്ടിയിൽ തന്നെയാണ്, ആരാണ് അത് എടുത്ത് മാറ്റിയിരിക്ക്യ? !! വീട്ടീന്ന് ഇറങ്ങുമ്പോൾ പേഴ്സിലെ രൂപ എണ്ണി തിട്ടപ്പെടുത്തി ഇടത്തെ പാൻ്റിൻ്റെ കീശേല് ഇട്ടത് നല്ല ഓർമ്മ ഉണ്ട്!!

എന്നെ വകവരുത്താൻ ആഭിജാര ക്രിയകൾ എന്തെങ്കിലും കോഴിത്തല, കോഴിമുട്ട, നെയ് കുമ്പളങ്ങ ഇത്യാതി എന്തെങ്കിലും… അയ്യോ”

എന്‍റെ  ഈ ജാതി പരിഭ്രമങ്ങളും പിറുപിറുക്കലുകളും കണ്ട് മേഡം ഒരു കാര്യം അങ്ങ് തീര്മാനിച്ച്…

“സാ…… റേ……. ഇയാള് കിളി പോയി നിക്വാണ്” കുറച്ചകലെയായി നിൽക്കുന്ന ആപ്പീസറോഡ് മേഡം വിളിച്ച് പറഞ്ഞ്..

അപ്പോഴാണ് അത് വരെ ജെൻ്റിൽമാൻ ആണെന്ന് കരുതിയ ഞാൻ പോലീസ് ഏമാമ്മാരുടെയും ചില കാഴ്ച്ചക്കാരുടെയും ശ്രദ്ധയിൽ പെടുന്നത്.

“റോസമ്മ മാഡം അപ്പൊ നമുക്ക് പണി ആയല്ലോ…” ഒരു പീസി എന്നെ രൂക്ഷമായി നോക്കീട്ട് പറഞ്ഞു. അല്ല മാഡം ഇവൻ്റെ പ്രശ്നം എന്താ?

അവന്‍റെ  പേര് ഓർമ്മ ഇല്ല… എന്തര് പറയാൻ..?

ആ ഉത്തരം അവിടെ കൂട്ടച്ചിരി പടർത്തി..

“പോഞ്ചാനാണോടെ… അതൊ നമ്മടെ IAS കാർക്ക് വരുന്ന അസുകോ, എന്തരണ്ണാ അതിന്‍റെ   പേര്? ” ഒരു പി സി മറ്റൊരു പീസിയോട് ചോദിച്ചു

“എന്തരോ അംനീഷം അണ്ണാ…”

“retrograde amnesia…” ഇവനൊക്കെ പോലീസീതന്നെ, അംനീഷ് ആണ് പോലും വിവരദോഷികൾ….SI സാറ് തന്‍റെ  അത്രേം വിവരമില്ലാത്ത പോലീസ്കാരെ തന്‍റെ  കൃത്യനിർവഹണത്തിനിടയിലൂടെ ചീത്ത വിളിച്ചു.

എന്നെ ഫുഡ് പാത്തിലേക്ക് മാറ്റിനിർത്തി വണ്ടി പൂട്ടി താക്കോലുമായി മേഡം അടുത്ത ആളെ പൊക്കാൻ പോയി…

കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമായി…

മഴക്കാലത്ത് ഇയ്യാമ്പാറ്റകൾ തീയിൽ വന്നു പെടുന്ന പോലെ അനേകം കുടിയമ്മാർ പെട്ടു.

ചിലർ സ്വന്തം അമ്മാച്ചനെ കാണുന്ന സന്തോഷത്തിലെന്ന പോലെ SI ഏമാന്‍റെ  കാലിൽ ഒരു വീഴ്ചയാണ്. ചിലർ സ്വന്തം ലൈസൻസ് എടുത്ത് കൈയ്യിൽ വച്ച് ഓച്ചാനിച്ച് നിക്കും.. പതിവ് കക്ഷികളാണ് ചിലരെല്ലാം, PC കളു മായി കുശലാന്വേഷണങ്ങൾ ഒക്കെ നടത്തി ജ്വള്ളി ആയി അങ്ങനെ നിക്കുന്നു.

ചിലരൊക്കെ അവരുടെ പേര് പച്ചവെള്ളം പോലെ പറയുന്ന കാണുമ്പോ കൊതിയാവ്യാ…

എന്‍റെ  കാര്യം എന്താകും എന്ന് ഒരു പിടിയും ഇല്ല. പേരറിയാത്ത കുറ്റത്തിന് തൂക്കി കൊല്ലാൻ വകുപ്പുണ്ടോ ആവോ.

എന്‍റെ  പേടി അതല്ല പോലീസ്കാർക്ക് താത്പര്യമുള്ള ഏതെങ്കിലും പ്രതികളുടെ ‘പേര്’ എനിക്ക് അലോട്ട് ചെയ്ത്, നിരപരാധി ആയ എന്നെ പ്രതി ആക്വോ പപ്പനാഭാ… കാത്തോണെ…

റെഡ് ലൈറ്റ് ഇൻസിഡൻ്റ് കഴിഞ്ഞിട്ട് ഏകദേശം 15-20 മിനിട്ടായിക്കാണും..

ചെറുതായിട്ട് മഴ ചാറാൻ തൊടങ്ങി…

SI പാക്കപ്പ് പറഞ്ഞു… ക്യൂവിൽ ലാസ്റ്റായിരുന്ന ചിലർക്ക് സ്വമേധയാ മാപ്പ് ലഭിച്ചു. അവരെല്ലാം വണ്ടി എടുത്ത് കണ്ടവഴിയേ പോയി..

എന്നെ അവർ ജീപ്പിലേക്ക് കേറ്റി, തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വണ്ടി നിന്നു..

ചെറിയ സ്റ്റേഷനാണ്, ഒരു പോലീസ് സ്റ്റേഷൻ്റെ ഉൾവശം ആദ്യമായി നേരിട്ട് കാണുകയാണ്. വളരെ പരിതാപകരമാണ് അവസ്ഥ.. നനഞ്ഞ സോക്സിൻ്റെ വല്ലാത്ത ഗന്ധവും ഫിനോളിന്‍റെ  മണവും ചേർന്ന ഒരു സ്റ്റഫി സ്മെൽ. രണ്ട് സെല്ലുകളുണ്ട് ഒന്നിലാരും ഇല്ല, ഒന്നിൽ ഒരു പാവം വ്യദ്ധൻ ഇരിക്കുന്നു, രണ്ടും പൂട്ടിയിട്ടില്ല. മൂന്നാല് മേശകൾ ആ ഹാളിൽ ചിതറികിടപ്പുണ്ട് ചിലതിലെല്ലാം ഫയൽകൂമ്പാരങ്ങൾ. ഇരിക്കാൻ കാര്യമായ സൗകര്യങ്ങൾ ഒന്നും ഇല്ല, ഒരു ചെറിയ ബഞ്ച് സെല്ലിന് ഇപ്പുറത്തായിട്ട് ഇട്ടിട്ടുണ്ട്, പിന്നെ രണ്ട് ഇരുമ്പ് കസേരകൾ അവിടിവിടെയായുണ്ട്. ഒരു മേശയുടെ പിന്നിലായി ഒരു മരകസേര, ആ മേശയിൽ ആണേൽ നിറയെ ഫയലുകൾ കെട്ടികൂട്ടി വച്ചിരിക്കുന്നു

ഭിത്തിയിൽ ഗാന്ധിജിയുടെ ഫോട്ടോ…
മനസ്സിൽ എവിടെയോ ചെറിയൊരാശ്വാസം… പരിചയമുള്ള ഒരാളെ കണ്ടല്ലോ…

പുട്ടുപൊടീം, പഴോം, പപ്പടോം വാങ്ങണം… സമയമെന്തായി കാണും… ഭിത്തിയിലെ ക്ലോക്ക് ചത്തിരിക്കന്നു.

എന്നെ കൊണ്ടെറക്കിയ ഒരു പോലീസ് കാരെയും ഇവിടെ കാണാൻ ഇല്ല, മേഡം അടക്കം അംബ്സ്കോണ്ടിങ്ങാണ്…

ഞാൻ പതുക്കെ ആ ചെറിയ ബഞ്ചിലേക്കിരുന്നു. ഒരു മണിക്കൂറിനകത്തെനിക്ക് സംഭവിച്ച കാര്യങ്ങൾ ഞാൻ റീവൈൻ്റ് ചെയ്തു…. ആരായിരിക്കാം ഈ കൊടുംചതിക്ക് പിന്നിൽ?

സിഗ്നലിൽ എന്‍റെ  ബാക്കിൽ നിന്ന് ഹോണടിച്ച വേട്ടാവളിയമ്മാർക്ക് ഇതുമായി ബന്ധമുണ്ടാവോ? ആ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടാണ് ഈ കണ്ട പ്രശ്നങ്ങളെല്ലാം…

മൊബൈലെങ്കിലും ഉണ്ടായിരുന്നെങ്കിൽ…

സ്റ്റേഷൻ പരിസരം ഇപ്പോഴും വിജനം ആണ്. ഞാൻ ഇവിടെ എത്തപ്പെട്ടിട്ട് എകദേശം മൂന്ന് നാല് മണിക്കൂർ ആകും എന്നാണ് തോന്നുന്നത്. സമയത്തെ കുറിച്ച് ഒരു ധാരണയും കിട്ടുന്നില്ല. എന്നെ കൊണ്ടുവന്നവരടക്കം ഒരാളെ പോലും കാണാനില്ല. ഒരാളെ പോലും എന്ന് പറയാൻ പറ്റില്ല ഒരാളുണ്ട്. ഒരു വ്യദ്ധൻ, അയാൾ ഇരുന്നു മടുത്തിട്ടാകണം സെല്ലിന്‍റെ  ഒരു സൈഡിലേക്ക് ചെരിഞ്ഞ് കൈ തലക്ക് വച്ച് കിടന്നുറങ്ങി തുടങ്ങി.

ഏതോ മലമുകളിലാണീ സ്റ്റേഷൻ എന്നാണ് എനിക്ക് തോന്നുന്നത്. ശക്തിയായി കാറ്റടിക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല.

സത്യത്തിൽ പോലീസ് ജീപ്പിൽ കയറിയ അങ്കലാപ്പിൽ ജീപ്പ് ഏതു വഴിയാണ് വന്നത് എന്നൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. പെട്ടെന്ന് സ്റ്റേഷൻ എത്തിയതായിട്ടാണ് അപ്പോ തോന്നിയത് പക്ഷെ… സിറ്റിയുടേതായ ഒരു ലക്ഷണവും കാണുന്നില്ല. കാറ്റിൻ്റെ ചൂളം വിളി ശബ്ദം മാത്രം…

പുറത്ത് ഇരുട്ടാണ്, സ്റ്റേഷന്‍റെ  ഗേറ്റിൽ പഴയ മോഡലിലുള്ള രണ്ട് ലൈറ്റ്കൾ ഉണ്ട് ഒന്ന് ഒടിഞ്ഞ് തൂങ്ങി കിടക്കുകയാണ് മറ്റേത് കത്തുന്നുണ്ട്. പക്ഷെ ഏതാണ്ട് മൂന്നാലടിച്ചുറ്റളവിൽ മാത്രമാണ് ആ വെളിച്ചം പരക്കുന്നത്. ബാക്കി ഭാഗം കട്ട കൂരിരുട്ട്…

ഈശ്വരാ…ഇനി ഈ പോലീസുകാരും ഞാൻ നേരത്തെ പറഞ്ഞ “ആഭിചാരക്രിയയുടെ” പാർട്ടാണോ?

നെഞ്ചിന്‍റെ  ഒത്ത നടുവീന്ന് ഒരു വൈബ്രേഷൻ സ്റ്റാർട്ട് ചെയ്ത് അതങ്ങനെ തലയോട്ടിക്കകത്തേക്കും കണങ്കാല് വഴി താഴോട്ടും പോയി. തലയേടിനകത്തെവിടയൊ കുടുങ്ങിയ തേനീച്ച വീണ്ടും ശബ്ദം ഉണ്ടാക്കി അലോരസപ്പെടുത്താൻ തുടങ്ങി.

എങ്ങോട്ട് തിരിഞ്ഞാലും ചെക്ക്! അവിടെ കുതിര… ഇവിടെ തേര്… മുമ്പില് കാലാൾ… പെട്ട് പപ്പനാഭാ പെട്ട്….

ഞാൻ ബെഞ്ചിൽ നിന്നെണീറ്റ് മുൻ വാതിലിന്‍റെ  സമീപത്തേക്ക് നടന്നു. “സാ…. ർ…. മേഡം….” ഞാൻ ഉറക്കെ വിളിച്ചു. ആരും വിളികേട്ടില്ല.

വീട്ടിലെ കാര്യം കഷ്ടമായി കാണും അഛൻ അന്വേഷിച്ചിറങ്ങിയിരിക്കും, അമ്മ കരച്ചിലായിരിക്കും..

ആ മൊബൈലെങ്കിലും ഉണ്ടായിരുന്നെങ്കിൽ…

പെട്ടെന്ന് കാറ്റിന്‍റെ  ചൂളം വിളി ശബ്ദത്തിനിടയിലൂടെ ചില ആൾ പെരുമാറ്റത്തിന്‍റെ   ലക്ഷണങ്ങൾ, ആരൊക്കെയൊ സംസാരിക്കുന്നു…ഞാൻ തിരിഞ്ഞുനോക്കി…

SI സാറും മൂന്നാല് പോലീസ്കാരും പെട്ടെന്ന് പ്രധാന ഹാളിലേക്ക് വന്നു.. അവർ വളരെ ബിസി ആയി തോന്നി, കൈയ്യിലുള്ള ഫയലുകൾ നോക്കി അവർ അന്യോന്യം കുശുകുശുകുന്നുണ്ട്…

പാതിരാവായിക്കാണും അങ്ങകലെ നിന്നെവിടെയോ കുറുക്കൻ ഓരിയിടുന്ന ശബ്ദം… ഈശ്വരാ….

പെട്ടെന്നാണ് ആ ചിന്ത എന്‍റെ  മനസ്സിലൂടെ കടന്നു പോയത്. ഇനി ഇവമ്മാര് വല്ല രക്തരക്ഷസുകളും ആയിരിക്വോ ?! എൻ്റെ മാംസവും രക്തവും എങ്ങനെ വീതിച്ചെടുക്കാം എന്ന പ്ലാനിങ്ങിലോമറ്റോ ആണോ…പെട്ടെന്ന് മേഡത്തിൻ്റെ മുഖം എൻ്റെ മനസ്സിലേക്ക് വന്നു.. അവർ ആർത്ത് അട്ടഹസിക്കകയാണ്.. ആ ചിരിക്കിടയിലെവിടെയോ അവരുടെ മുഖം ഭീകരമാകുന്നുണ്ടോ… അയ്യോ…. ഈശ്വരൻമാരേ… കാത്തോണേ…. ഞാൻ കണ്ണ് ഇറുക്കി അടച്ചു…

അവരെന്തായിരിക്കാം പറയുന്നെ….ഞാൻ കാത്കൂർപ്പിച്ചു

“സാറെ… CR418 ഫയല് സാറിന്‍റെ  അല്ലേ, അത് ഒത്തിരി പെൻ്റിങ്ങാണല്ലോ? തെളിവെടുപ്പ് കഴിഞ്ഞില്ലെ സാറെ…”

മറുപടി കേട്ടില്ല, അതിനു മുന്നെ മാഡം ഒരു ഫ്ലാഷ് ന്യൂസ് കൊണ്ടെന്ന പോലെ എവിടെ നിന്നോ പാഞ്ഞെത്തി…

എനിക്ക് ചെറിയൊരാശ്വാസം തോന്നി..

അവർ പറയാൻ പോകുന്നതെന്താണെന്ന് എല്ലാവരും ആകാംഷയോടെ നോക്കി..

“സാ…റെ… അവസാനം ഞാൻ കണ്ട് പിടിച്ച്… ഇൻ്റർനെറ്റ് ഡൗൺ ആയിരുന്നു സാറെ… അതാണിത്രം വൈകിയത്…”

“വണ്ടീടെ നമ്പർ കറക്റ്റാരുന്നല്ലോ?” എസ്ഐ ചോദിച്ചിച്ചു.

“ആയിരുന്നു സാറെ… കറക്ടായിരുന്നു…” ലെ മേഡം

“വല്ല നാർക്കോട്ടിക്ക് ബന്ധവും?…” ലെ എസ്ഐ

അതിന് മേഡം ശബ്ദം താഴ്ത്തി ആ യെസ്സയ്ടെ ചെവിയിൽ എന്തെക്കയോ പറഞ്ഞു…

എനിക്കൊരക്ഷരം മനസ്സിലായില്ല….

പിന്നെയും കുറേ നേരം അവർ കൂലങ്കഷമായ ചർച്ചകളിൽ ഏർപ്പെട്ടു.. ചിലപ്പോഴെല്ലാം മറ്റേതോ ഭാഷയിലെല്ലാം സംസാരിക്കന്ന പോലെ തോന്നി. ജാമ്യം, കേസ്സ്, ഫൈൻ ഇത്യാതി ചില നാടൻ വാക്കുകൾ മാത്രം എനിക്ക് പിടികിട്ടി.

പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ എൻ്റെ നേരെ ആയി..

എസ്ഐ എന്‍റെ   നേരെ തിരിഞ്ഞു… “തന്‍റെ  പേരെന്താന്ന് പിടികിട്ട്യോടെ?” അയാൾ പതുക്കെ നടന്ന് എന്‍റെ   അടുത്തെത്തി…

എന്‍റെ   പേര്…..എന്‍റെ   പേര്….. ഞാൻ മനസ്സിൽ പറഞ്ഞു നോക്കി.. ഒരു രക്ഷയുമില്ല’…

“ഞാൻ ഒന്നും മിണ്ടി ഇല്ല”

“തന്‍റെ   പേരാണോ പപ്പനാഭൻ നായർ…?” അയാൾ ചോദിച്ച് തീർന്നതും തന്‍റെ   കറിത്തിരുണ്ട കൈ എന്‍റെ  കപാലത്തിൽ പതിച്ചതും ഒരുമിച്ചായിരുന്നു.………തലയേടിനകത്തെവിടയൊ കുടുങ്ങിയ തേനീച്ച കൂടും കിടക്കയും എടുത്ത് എങ്ങോട്ടോ ഒളിച്ചോടി..

“………….”

ഒരു നിമിഷത്തെ ശൂന്യതക്ക് ശേഷം…

ഞാൻ പറഞ്ഞു

” സാറെ…പേര് പത്ഭനാഭൻ നായർ, അഛന്‍റെ  പേര് രാജശേഖരൻ നായർ, അമ്മ സുഭദ്രാദേവി… യെസ് യു ആർ കറക്ട് സർ…”

അപ്പോഴേക്കും അയാളുടെ കൈ വിരലുകൾ എന്‍റെ  കീഴ്താടികളിൽ ചേർത്ത് ഞെരുക്കാൻ തുടങ്ങി…

യെസ്, നിങ്ങൾ ഓക്കെ ആണിപ്പോൾ Mr.എബി… കണ്ണു തുറക്കൂ, താങ്ങൾക്ക് ഒന്നുമല്ല.. കമോൺ…കണ്ണു തുറക്കു…

അദ്ദേഹം എന്‍റെ  കീഴ് താടികളിൽ തട്ടികൊണ്ട് വീണ്ടു പറഞ്ഞു കൊണ്ടിരുന്നു. യു ആർ ആൾ റൈറ്റ് എബി….യു ആർ ആൾ റൈറ്റ്…

ഞാൻ മെല്ലെ കണ്ണു തുറന്നു. കറുത്തിരുണ്ട സ്റ്റേഷൻ ഹാളിൽ നിന്ന് ഞാൻ സ്വമേധയാ മോചിക്കപ്പെട്ടിരിക്കുന്നു.

നനഞ്ഞ സോക്സിൻ്റെ വല്ലാത്ത ഗന്ധവും ഫിനോളിൻ്റെ മണവും ചേർന്ന ഒരു സ്റ്റഫി സ്മെൽ.

ഡോക്ടർ എനിക്കെന്ത് പറ്റി … എനിക്കൊന്നും ഓർമ്മ കിട്ടുന്നില്ല…

Yes Mr.എബി നിങ്ങൾകഴിഞ്ഞ കുറെ മണികൂറുകളായി അബോധാവസ്ഥയിൽ ആയിരുന്നു. ആബുലൻസിലാണ് താങ്ങൾ ഇവിടെ എത്തിയത്. നിങ്ങൾ എത്തുമ്പോൾ നിങ്ങൾക്ക് സ്വന്തം പേര് ഓർത്ത് പറയാൻ പോലും പറ്റുമായിരുന്നില്ല. ഏകദ്ദേശം ഒരു മണിക്കൂറിനകം നിങ്ങളുടെ ബോധം നഷ്ടപ്പെട്ടു. ഇപ്പോൾ നിങ്ങൾ തിരിച്ച് ബോധാവസ്ഥയിലേക്ക് വന്നിരിക്കുന്നു.

ഞങ്ങളുടെ ഭാഷയിൽ ഇതിനെ മിനിസ്ട്രോക്ക് (ministroke) എന്ന് വിളിക്കും. തലച്ചേറിലേക്ക് വേണ്ടുന്ന ഓക്സിജൻ കിട്ടാതെ വരുന്നതാണ് ഇതിന് കാരണം. ഇതിൻ്റെ മേജർ സിംപ്റ്റംസ് ‘Dysphasia’ അഥവാ ഭാഷയോ വാക്കുകളോ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ ആണ്. പേര് ഓർക്കാൻ പറ്റാത്ത അവസ്ഥ ഇതിൻ്റെ ഭാഗമാണ്. മിനിസ്ട്രോക്കിന്‍റെ  സിംപ്റ്റംസ് ഏതാണ്ട് ഇരുപത്തിനാല് മണിക്കുർ വരെ നീണ്ടു നിൽക്കാം. ഫിസിക്കൽ ഡാമേജസ് വരാനുള്ള ചാൻസ് പൊതുവെ കുറവായിരിക്കും

“നിങ്ങൾക്ക് നിങ്ങളുടെ പേര് ഓർക്കാൻ കഴിയുന്നുണ്ടല്ലേ അല്ലേ?”

“തീർച്ചയായും ഡോക്ടർ… ഐ ആം ഓക്കെ നൗ.. താങ്ക് യു ഫോർ യുവർ ..” ഞാൻ വാക്കുൾ തപ്പി

ഇറ്റീസ് ഒക്കേ മാൻ… റ്റെയ്ക് റെസ്റ്റ്.. ഗെറ്റ് വെൽ സൂൺ…

ഓക്കെ ഇൻസ്പെക്ടർ സർ… ഞാൻ പതിയെ കണ്ണുകൾ അടച്ചു

ഞാൻ കണ്ട “സ്വപ്നകഥയിലെ” കഥാപാത്രങ്ങളും സന്ദർഭങ്ങളും യഥാര്‍ത്ഥ ജീവിതവും ആയി വിശ്വസിക്കാനാകാത്ത വിധം ബന്ധിപ്പിച്ച മനസ്സെന്ന മഹാമാന്ത്രികനെ മനസ്സാ നമിച്ച് ഞാൻ ഈ കഥ ഹോസ്പിറ്റൽ പഛാത്തലത്തിൽ ഒന്നുടെ വായിച്ചു…